കൽപ്പറ്റ: വയനാട് അമ്പലവയലിൽ ചത്ത കടുവയെ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ച നിലയിൽ. അമ്പുകുത്തി നാലു സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാർ(56) ആണ് മരിച്ചത്. അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടതിനെ തുടർന്ന് വനംവകുപ്പ് ഹരികുമാറിനെ ഇടയ്ക്കിടയ്ക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസവും വനംവകുപ്പ് ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ഹരികുമാറിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പിനെതിരെ പ്രതിഷേധം നടക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ചു ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ ഇന്ന് രാവിലെ മുതൽ ദേശീയ പാത ഉപരോധിക്കുകയാണ്.
കഴിഞ്ഞ ഒന്നാം തീയതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവയെ കഴുത്തിൽ കുരുക്ക് മുറുകി ചത്ത നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം വൈകിട്ട് ഹരികുമാർ അടക്കമുള്ളവർ കടുവയെ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നര വയസുള്ള ആൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
എന്നാൽ, സ്ഥലം ഉടമ മുഹമ്മദ് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ ആയിരുന്നുവെന്നും കേസുമായി മുന്നോട്ട് പോയാൽ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ വനംവകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തന്റെ പറമ്പിൽ അതിക്രമിച്ചു കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദും അമ്പലവയൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതോടെയാണ്, കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണ ഹരികുമാറിനെ വിളിച്ചുവരുത്തിയിരുന്നുവെന്ന് ഭാര്യ ഉഷ പറഞ്ഞു. ഹരികുമാറിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭർത്താവ് മാനസിക പിരിമുറുക്കത്തിൽ ആയിരുന്നുവെന്നും ഉഷ പറഞ്ഞു. ഇതേ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യ എന്നാണ് കുടുംബം ആരോപിക്കുന്നത്.
Most Read: ഇന്ധന സെസ് പ്രതിഷേധം; സഭ പിരിഞ്ഞു- ധനമന്ത്രിക്ക് കൂടുതൽ സുരക്ഷ






































