കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ രണ്ടു ദിവസമായിട്ടും അണയ്‌ക്കാനായില്ല. ഇതിന്റെ പശ്‌ചാത്തലത്തിൽ ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്‌ടർ രേണുരാജ് നിർദ്ദേശം നൽകി. ബ്രഹ്‌മപുരം മേഖലകളിൽ നാളെ പരമാവധി കടകൾ അടച്ചിടാനും നിർദ്ദേശമുണ്ട്.
പ്രദേശത്ത് ഓക്‌സിജൻ കിയോസ്‌കുകൾ സജ്‌ജമാക്കുമെന്നും അടിയന്തിര നടപടികൾ നേരിടാൻ ആശുപത്രികൾ തയ്യാറാണെന്നും കളക്‌ടർ വ്യക്‌തമാക്കി. അതേസമയം, തീ ആളിക്കത്തുന്നത് തടഞ്ഞിട്ടുണ്ട്. തീ അണയ്‌ക്കാൻ അഗ്‌നിരക്ഷാസേന തന്നെ ശ്രമം തുടരും. 20 ഫയർഫോഴ്‌സ് യൂണിറ്റുകൾ അധികമായി എത്തിക്കും. ഹെലികോപ്‌ടർ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, പുഴയിൽ നിന്ന് വെള്ളം എടുക്കാൻ ശക്‌തി കൂടിയ മോട്ടറുകൾ ഉപയോഗിക്കുമെന്നും കളക്‌ടർ അറിയിച്ചു.
മാലിന്യ നീക്കം നാളെ പുനഃരാരംഭിക്കുമെന്നും മാലിന്യം നിക്ഷേപിക്കാൻ വേറെ സ്‌ഥലം അന്വേഷിക്കുന്നുണ്ടെന്നും കളക്‌ടർ പറഞ്ഞു. നാളെ യുദ്ധകാല അടിസ്‌ഥാനത്തിൽ തീ കെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്‌ച ആയതിനാൽ ബ്രഹ്‌മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സ്‌ഥലങ്ങളിലും മുൻകരുതൽ വേണമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, ബ്രഹ്‌മപുരത്തെ തീപിടിത്തം കമ്മീഷണർ അന്വേഷിക്കണമെന്ന് ഇന്ന് ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ആറ്റുകാൽ പൊങ്കാല; പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി