കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. മരണപ്പെട്ട കെപി നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂൽ എന്നിവരുടെ കുടുംബങ്ങൾക്കാണ് തുക നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അതേസമയം, ട്രെയിൻ ആക്രമണ കേസിലെ പ്രതിയെ മൂന്ന് ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്താൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരോശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപത്തു നിന്ന് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ അക്രമിയെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പിടികൂടാൻ കഴിഞ്ഞത് പോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എടിഎസ്, കേന്ദ്ര ഇന്റലിജിൻസ്, റെയിൽവേ അടക്കം സഹകരിച്ച മറ്റു ഏജൻസികളെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയായ ഷഹറൂഖ് സെയ്ഫിനെ മഹാരാഷ്ട്രയിൽ നിന്നാണ് കേരള പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. തലയ്ക്കും മുഖത്തും കൈയിലും പരിക്കേറ്റ പ്രതി രത്നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ എടിഎസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എലത്തൂരിലേ ആക്രമണത്തിന് ശേഷം ട്രെയിനിലും മറ്റു വാഹനങ്ങളിലും കയറിയാണ് ഇയാൾ മഹാരാഷ്ട്രയിൽ എത്തിയതെന്നാണ് നിഗമനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഉടൻ കേരളത്തിൽ എത്തിക്കും.
Most Read: മീഡിയാ വൺ ചാനൽ; സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി








































