ബെംഗളൂരു: പാർട്ടിയുടെ താൽപര്യമാണ് വ്യക്‌തി താൽപര്യങ്ങളേക്കാൾ വലുതെന്ന് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു ഡികെ ശിവകുമാർ. ഹൈക്കോടതി തീരുമാനം കോടതി ഉത്തരവ് പോലെയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘ഞങ്ങൾ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളിൽ പലരും കോടതിയിൽ വാദിക്കും. അന്തിമമായി ജഡ്‌ജി പറയുന്ന വിധി അംഗീകരിക്കും. അതുകൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. ഞങ്ങൾ ജയിച്ചില്ലെങ്കിൽ സ്‌ഥിതി എന്താകുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ജയിച്ചു. വിജയത്തിന്റെ ഫലം എനിക്ക് മാത്രം ഉള്ളതല്ല. അത് ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന് കൂടി ചിന്തിക്കണം’- ഡികെ ശിവകുമാർ പറഞ്ഞു.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിലാണ് കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ചേർന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഡികെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തര വകുപ്പുകൾ അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡികെ ശിവകുമാറിന് നൽകിയിരിക്കുന്നത്.
കൂടാതെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാർ തുടരുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. ശനിയാഴ്‌ച ഉച്ചക്ക് 12.30ന് ആണ് സത്യപ്രതിജ്‌ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
Most Read: ജെല്ലിക്കെട്ടിന് അനുമതി; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി