പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ പാടം സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് പോലീസ്. നൗഷാദിന്റെ ഭാര്യ അഫ്‌സാന പോലീസ് കസ്‌റ്റഡിയിലാണ്. ഇവർ നൽകിയ മൊഴി അനുസരിച്ചാണ് നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന സംശയത്തിൽ പോലീസെത്തിയത്. കേസിൽ പോലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്‌തത്.
പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ കൊന്നു കുഴിച്ചിട്ടെന്നാണ് ഭാര്യ മൊഴി നൽകിയത്. എന്നാൽ, ഇവർ മൊഴി മാറ്റി പറയുന്നതിനാൽ ഒന്നും സ്‌ഥിരീകരിച്ചിട്ടില്ല. നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഇവർ പറയുന്നു. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2021ലാണ് നൗഷാദിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയത്. ഇതിൽ അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ ഇവരുടെ മൊഴിയിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടു. ഇതാണ് കേസിൽ നിർണായകമായത്. കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന തരത്തിൽ പൊലീസിന് മൊഴി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പരുത്തിപ്പാറയിൽ പോലീസ് പരിശോധന നടത്തിവരികയാണ്.
Most Read: ‘ഇന്ത്യ സഖ്യം’; അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമെന്ന് പ്രധാനമന്ത്രി