ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. മണിപ്പൂരിലെ ആക്രമം ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാൻ രാഷ്ട്രപതിയുടെ ഇടപെടലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോർട് രാഷ്ട്രപതിക്ക് കൈമാറും.
മണിപ്പൂരിലെ അക്രമങ്ങളെ കുറിച്ച് സമഗ്രമായ ചർച്ച വേണമെന്ന് ജൂലൈ 20ന് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇന്ന് അടിയന്തിര പ്രമേയത്തിന് അവതാരനുമതി തേടിയിട്ടുണ്ട്. സഭ മറ്റു നടപടികൾ ഉപേക്ഷിച്ചു മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അതേസമയം, അവിശ്വാസ പ്രമേയ അവതരണത്തിന് മുൻപ് സഭയുടെ മേശപ്പുറത്തുള്ള എല്ലാ ബില്ലുകളും പാസാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
Most Read: തിരഞ്ഞെടുപ്പ് അട്ടിമറി; ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി