കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ മുതൽ അനുഭവപ്പെട്ട ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിങ് സമയം നീണ്ടു. ഏറ്റവുമൊടുവിൽ മണർകാട് 88ആം ബൂത്തിലെ വരിയിൽ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്‌തതോടെയാണ് ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ കണ്ടെത്താനുള്ള പുതുപ്പള്ളി ജനതയുടെ വിധിയെഴുത്ത് അൽപ്പസമയം മുമ്പ് പൂർത്തിയായത്.
ഇനി ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരെന്നതിനുള്ള കാത്തിരിപ്പാണ്. എട്ടിനാണ് വോട്ടെണ്ണൽ. ദിവസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളിയിലെ ജനത 72.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമാധാന പരമായിരുന്നുവെന്നും, പോളിങ്ങുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മനും, എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും അത് അന്വേഷിക്കുമെന്നും കോട്ടയം ജില്ലാ കളക്‌ടർ അറിയിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീന് വ്യാപക തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്‌തതെന്നും കളക്‌ടർ അറിയിച്ചു. അതേസമയം, മണർകാട് പഞ്ചായത്തിലെ 88ആം ബൂത്തിലെ പ്രശ്‌നത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തി. ആളുകൾ വോട്ട് ചെയ്യാതെ മടങ്ങിയെന്നും, ജനങ്ങൾക്ക് കൃത്യമായി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ ആക്ഷേപം.
പുതുപ്പള്ളിയിൽ പോളിങ് വൈകിയതിനെ കുറിച്ച് പ്രതികരിച്ചു ജെയ്‌ക് സി തോമസും രംഗത്തെത്തി. ഒരു മണിക്കൂർ വരിയിൽ നിന്നതിന് ശേഷമാണ് താൻ വോട്ട് ചെയ്‌തത്. പോളിങ് മന്ദഗതിയിൽ ആയിരുന്നു. എല്ലാ പഞ്ചായത്തുകളിലും പോയി. എല്ലാ സ്‌ഥലങ്ങളിലും ഇത്തരത്തിലുള്ള അവസ്‌ഥ കണ്ടില്ല. ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്നും ജെയ്‌ക് പ്രതികരിച്ചു.
2021ലെ പൊതുതിരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. ഇക്കുറി അൽപ്പം കുറവാണെങ്കിലും വിജയപ്രതീക്ഷയിൽ തന്നെയാണ് മുന്നണികൾ. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ് മാദ്ധ്യമങ്ങളോട് പങ്കുവെച്ചത്. എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും, ഇന്ന് ജനങ്ങളുടെ കോടതിയിലാണ് പുതുപ്പള്ളി മണ്ഡലമെന്നും ചാണ്ടി ഉമ്മനും വിമർശിച്ചു.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്‌തീൻ 11ന് ഹാജരാകണമെന്ന് ഇഡി







































