കോഴിക്കോട്: നിപ സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുമായി ഹൈ റിസ്ക് കോൺടാക്ടിൽ ഉള്ളവരെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്ക് മേഖലകളെയും തരംതിരിക്കണം. നേരത്തെ, ഇതുപോലെയുള്ള മരണങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാനും നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഉന്നതതലയോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. കോഴിക്കോട് ജില്ലയിൽ രണ്ടു അസ്വാഭാവിക മരണങ്ങൾ ഉണ്ടായി. ഇന്നലെയാണ് സർക്കാർ ഇക്കാര്യം അറിഞ്ഞത്. കളക്ട്രേറ്റിൽ അൽപ്പസമയത്തിനകം യോഗം ചേരും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. മരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ചു പട്ടികപ്പെടുത്തും. ജില്ലയിലാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മരിച്ച രണ്ടുപേരും ആശുപത്രിയിൽ ഒന്നിച്ചുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മരിച്ചയാൾക്ക് ലിവർ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഈ കുട്ടിയിപ്പോൾ വെന്റിലേറ്ററിലാണ്. കൂടാതെ, രണ്ടു കുട്ടികളുമുണ്ട്. നിപ സംശയം ഉടലെടുത്ത ഉടൻ ഇന്നലെ രാത്രി തന്നെ ഐസൊലേഷൻ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
ഹൈറിസ്ക് കോൺടാക്ടിലുള്ള പനിയുള്ളവരെ ഐസൊലേറ്റ് ചെയ്യേണ്ടി വരും. മറ്റു സ്ഥലങ്ങളിലുള്ള ഡോക്ടർമാർ കോഴിക്കോട്ടെത്തും. അഞ്ചുപേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ചാൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയുടെ ഫലം വന്നാൽ സംസ്കാരം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read| 500 വര്ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!







































