മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ് കൊല്ലപ്പെട്ട സ്വാലിഹിനെ മർദ്ദിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഒളിവിലുള്ള മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വാലിഹിന്റെ കാലുകളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിക്കുകയായിരുന്നു.
മരിച്ച സ്വാലിഹിനും സുഹൃത്തുക്കൾക്കും നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. ഇവരുടെ കാറും തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read| സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത






































