ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ മഴക്ക് ശമനമില്ല. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാല് മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ 23 ട്രെയിനുകൾ ഇന്ന് പൂർണമായും റദ്ദാക്കി. കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിനുകളും റദ്ദാക്കിയവയിലുണ്ട്. അഞ്ചു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 13 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
190 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും സജ്ജമാണ്. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ ഇന്ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ട്രെയിനിലെ 500 യാത്രക്കാരെയും ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. യാത്രക്കാർ കുടുങ്ങിയിട്ട് ഒന്നര ദിവസം പിന്നിട്ടു.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കുമാണ് സാധ്യത. ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കേരള- കർണാടക തീരത്ത് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Most Read| കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം







































