പാലക്കാട്: അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറുമണിക്കാണ് സംഘം സുരക്ഷിതമായി താഴെയെത്തിയത്. കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് സത്തിക്കൽ മലയിൽ കുടുങ്ങിയത്. തുടർന്ന് രാത്രി 11.45ന് രക്ഷാപ്രവർത്തന സംഘം കാട്ടിലെത്തിയെങ്കിലും, പോലീസ് സംഘത്തെ രക്ഷിച്ചു പുറത്തെത്തിയത് രാവിലെയായിരുന്നു.
അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, പുതൂർ എസ്ഐ വി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് വനംവകുപ്പ് സുരക്ഷിതമായി കാട്ടിൽ നിന്ന് പുറത്തെത്തിച്ചത്. വനത്തിലെ പരിശോധനക്ക് ശേഷം മടങ്ങിയപ്പോൾ വഴിതെറ്റിയതാണെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടനയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.
തിരച്ചിൽ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പടെയുള്ളവർ സഹായിച്ചു. നക്സൽ വിരുദ്ധ സ്ക്വഡ് ഉൾപ്പടെ 15 പേരാണ് കഴിഞ്ഞ ദിവസം വനത്തിലേക്ക് പോയത്. തിരിച്ചുവരുമ്പോൾ വഴിതെറ്റുകയായിരുന്നു. ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് സുരക്ഷിതരാണെന്നും ഇന്ന് രാവിലെ തിരികെ എത്തുമെന്നും പുതൂർ പോലീസ് അറിയിച്ചിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!







































