തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർഥികൾ ആരൊക്കെയെന്നതിൽ അന്തിമതീരുമാനം ഇന്നുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർഥി നിർദ്ദേശങ്ങൾ ചർച്ച ചെയ്യും.
തുടർന്ന് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പൊളിറ്റ് ബ്യൂറോ അനുമതിയോടെ ഈ മാസം 27ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ഏകദേശ ധാരണയായിട്ടുണ്ട്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ വടകരയിലും ടിഎം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മൽസരിക്കും.
പൊന്നാനിയിൽ കെടി ജലീൽ മൽസരിക്കണമെന്നാണ് സിപിഎമ്മിന്റെ താൽപര്യം. വി വസീഫ്, വിപി സാനു എന്നീ പേരുകളും സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. മലപ്പുറത്ത് വിപി സാനു, അഫ്സൽ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. ചാലക്കുടിയിൽ സി രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചത്. എറണാകുളത്ത് യേശുദാസ് പാറപ്പള്ളി, കെവി തോമസിന്റെ മകൾ രേഖാ തോമസ് എന്നീ പേരുകളും പരിഗണനയിലുണ്ട്.
കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എംവി ജയരാജൻ മൽസരിക്കും. കാസർഗോഡ് എംവി ബാലകൃഷ്ണനും സ്ഥാനാർഥിയാകും. കൊല്ലം ലോക്സഭാ മണ്ഡലത്തിലേക്ക് സിറ്റിങ് എംഎൽഎയും നടനുമായ എം മുകേഷിന്റെ പേര് നിർദ്ദേശിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴയിൽ സിറ്റിങ് എംപി എഎം ആരിഫ് തന്നെ മൽസരിക്കും. പാലക്കാട്ട് എ വിജയരാഘവനും ഇറങ്ങും.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്








































