ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കുള്ള നിയമനം ഈ മാസം 15നകം നടക്കുമെന്ന് റിപ്പോർട്. ഇതിന് ശേഷമാകും പൊതു തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുക. ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും, കഴിഞ്ഞ ദിവസം അരുൺ ഗോയൽ രാജിവെക്കുകയും ചെയ്‌തതോടെയാണ് ഒഴിവുകൾ വന്നത്.
മൂന്നംഗ കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. പുതിയ കമ്മീഷണർമാരെ കണ്ടെത്താനായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ അധ്യക്ഷതയിൽ സേർച്ച് കമ്മിറ്റി രൂപീകരിച്ചു. ഹോം സെക്രട്ടറി, പഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ ഉണ്ട്.
കമ്മിറ്റി നിർദ്ദേശിക്കുന്നവരിൽ നിന്ന് പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, ലോക്‌സഭയിലെ കോൺഗ്രസ് സഭാനേതാവ് അധിർ രഞ്‌ജൻ ചൗധരി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റി യോഗം മാർച്ച് 13നോ 14നോ ചേരുമെന്നാണ് റിപ്പോർട്. രാഷ്‌ട്രപതിയാണ് കമ്മീഷണർമാരെ നിയമിക്കുന്നത്. അരുൺ ഗോയൽ വെള്ളിയാഴ്‌ച രാവിലെ രാജിക്കത്ത് നൽകിയെങ്കിലും ശനിയാഴ്‌ചയാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്.
Most Read| ഇലക്‌ടറൽ ബോണ്ട് കേസ്; എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ







































