കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന് പിന്നാലെ സമസ്‌തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്‌ചയിക്കണമെന്ന് സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് മുസ്‌ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്‌കാരം നിർവ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്‌കാരം. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്‌ഥർക്കും വെള്ളിയാഴ്‌ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങൾ സൃഷ്‌ടിക്കും. മാത്രമല്ല പോളിങ്ങിനെയും ഇത് സാരമായി ബാധിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് ഇരുവരും അഭ്യർഥിച്ചു. ഇത് സംബന്ധമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയിൽ സന്ദേശവും അയച്ചു. ഏപ്രിൽ 26ന് നടത്താൻ നിശ്‌ചയിച്ച വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്‌ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു.
Related News| കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്‌ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്‌ടിക്കുമെന്ന് ലീഗ്







































