തൃശൂർ: അനിശ്ചിതത്വത്തിന് ഒടുവിൽ നിർത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ 6.30ന് ആയിരുന്നു പാറമേക്കാവിന്റെ വെടിക്കെട്ട്. എട്ടിനും എട്ടരയ്ക്കും ഇടയിൽ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന് തീകൊളുത്തും. മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തിയത്.
പുലർച്ചെ മൂന്ന് മണിക്ക് നടത്തേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റു ചടങ്ങുകളെയും ബാധിക്കുന്നുണ്ട്. രാത്രിപ്പൂരത്തിനിടയിലെ പോലീസ് നിയന്ത്രണങ്ങളെ തുടർന്നാണ് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചത്. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്ത് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം.
ഇന്നലെ അർധരാത്രി ഒന്നരയോടെയാണ് സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുംനാഥ ക്ഷേത്രനടയ്ക്ക് മുന്നിൽ വെച്ച് പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം നടക്കുന്നത്. പാറമേക്കാവിന്റെ രാത്രി എഴുന്നള്ളിപ്പ് പോലീസ് ബാരിക്കേഡ് വെച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
രാത്രിയിൽ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണ് വീണ്ടും പ്രശ്നമായത്. ഇതോടെ തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നിർത്തിവെച്ചു. തുടർന്ന് തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചർച്ച നടത്തി. ചർച്ചയിലാണ് പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം വെടിക്കെട്ട് നടത്താൻ തയ്യാറാണെന്ന് തിരുവമ്പാടി വിഭാഗം അറിയിച്ചത്. പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടക്കുന്നതിനാൽ വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് കഴിഞ്ഞെന്നു വരില്ല.
Most Read| മനക്കരുത്ത് ഇടം കൈയിലാക്കി പാർവതി ഐഎഎസിലേക്ക്; മലയാളികൾക്ക് അഭിമാനം







































