കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൈദ്യുതി പോസ്‌റ്റിലിടിച്ച് ആംബുലൻസ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം. സുലോചനയെ കൂടാതെ മറ്റു മൂന്നുപേർ കൂടി ആംബുലൻസിൽ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ ആംബുലൻസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു.
സുലോചന ആംബുലൻസിൽ കുടുങ്ങിപ്പോവുകയായിരുന്നു. സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത ഒരു നഴ്‌സ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ചന്ദ്രന്റെ നില ഗുരുതരമാണ്. പ്രസീതയും നഴ്‌സും ചികിൽസയിലാണ്. ഇന്ന് പുലർച്ചെ 3.50നാണ് അതിദാരുണമായ അപകടം നടന്നത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.
ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്നും ശസ്‌ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് നിയന്ത്രണം തെറ്റിയതോടെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ആംബുലൻസ് സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്‌റ്റിലിടിച്ച് കത്തുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചു.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്








































