കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ എസ്ഐ മടങ്ങിയെത്തി. ഗ്രേഡ് എസ്ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ രാജേഷാണ് (53) തിരിച്ചുവന്നത്. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്ന് രാവിലെ അദ്ദേഹം സ്റ്റേഷനിൽ തിരിച്ചെത്തിയത്. മാനസിക സമ്മർദ്ദത്തെ തുടർന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥൻ മൊഴി നൽകി. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.
അമ്മയുടെ ചികിൽസാ ആവശ്യത്തിനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിലും തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നതിലും ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നെന്നാണ് വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ രാജേഷിനെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടരാൻ പോലീസിന് സാധിച്ചിരുന്നില്ല.
Most Read| കേരളത്തിലെ ബിജെപി മുന്നേറ്റം; ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവർണറായി നിയമിച്ചേക്കും








































