തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും സംസ്‌ഥാന ഗവർണറായി നിയമിച്ചേക്കുമെന്ന് സൂചന. സെപ്‌തംബറിൽ ഗവർണറുടെ കാലാവധി പൂർത്തിയാകും. അഞ്ചു വർഷത്തേക്കാണ് ഗവർണറുടെ നിയമനമെങ്കിലും കാലാവധി തീരുന്നതിന് മുമ്പായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം രാഷ്‌ട്രപതിക്ക് ചുമതല നീട്ടി നൽകാം.
കാലാവധി പൂർത്തിയാക്കിയാൽ പുതിയ നിയമനം ഉണ്ടാകുന്നത് വരെ തുടരാനാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ ഗവർണറുടെ ചില നടപടികൾ ഉപകരിച്ചിട്ടുണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്‌ട്രീയ ചായ്‌വോടെയുള്ള സംസ്‌ഥാന സർക്കാരിന്റെ പല നടപടികളെയും ആരിഫ് മുഹമ്മദ് ഖാൻ തുറന്ന് എതിർക്കുകയും തടയിടുകയും ചെയ്‌തുവെന്ന് കേന്ദ്ര സർക്കാരും കരുതുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾ തടയുകയും പിന്നീട് രാഷ്‌ട്രപതിക്ക് അയച്ചും സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള തുറന്ന പോര് സംസ്‌ഥാനത്ത് വോട്ടർമാരെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവർണറായി നിയമിക്കാൻ ആലോചന നടക്കുന്നത്.
Most Read| യുക്രൈൻ സമാധാന ഉച്ചകോടി; പ്രസ്‌താവനയിൽ ഒപ്പുവെക്കാതെ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ