മോസ്കോ: റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പുട്ടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് വിവരം.
ഇന്ത്യക്കാരെ സൈന്യത്തിൽ നിന്ന് വിട്ടയക്കാനും നാട്ടിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികൾ കൈക്കൊള്ളാമെന്ന് പുട്ടിൻ ഉറപ്പ് നൽകി. യുക്രൈനെതിരായ യുദ്ധത്തിന് റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടി വന്ന രണ്ടു ഇന്ത്യക്കാർ മരിച്ചിരുന്നു. ഒട്ടേറെപ്പേർ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. 20ലേറെ ഇന്ത്യക്കാരാണ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യയുടെ യുദ്ധമുഖത്ത് എത്തിപ്പെട്ടത്.
മലയാളികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവരിൽ ചിലർ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, റഷ്യൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പുട്ടിനുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. 22ആംമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുക്കും. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ആൻഡ്രൂ പുരസ്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങും. 2019ൽ പ്രഖ്യാപിച്ച പുരസ്കാരമാണിത്.
റഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ദ്വിദിന സന്ദർശത്തിനായി തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോസ്കോയിലെത്തിയത്. മോസ്കോ വിമാനത്താവളത്തിൽ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മെന്റുറോവ് മോദിയെ സ്വീകരിച്ചു.
Most Read| ടിപി ചന്ദ്രശേഖരൻ വധക്കേസ്; എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്