തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്‌റ്റിൽ രോഗി കുടുങ്ങി കിടന്നത് രണ്ടു ദിവസം. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ ലിഫ്‌റ്റിൽ കുടുങ്ങിയത്. ഇദ്ദേഹം ലിഫ്‌റ്റിൽ കുടുങ്ങിയ വിവരം അധികൃതരാരും അറിഞ്ഞില്ല. തുടർന്ന് ഇന്ന് രാവിലെ ആറുമണിയോടെയാണ് രവീന്ദ്രൻ നായരെ കണ്ടെത്തിയത്.
രണ്ടു രാത്രിയും ഒരു പകലുമാണ് ഇദ്ദേഹം ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്‌ച രാവിലെയാണ് രവീന്ദ്രൻ നായർ നടുവേദനയ്‌ക്ക് ചികിൽസ തേടി മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽ എത്തിയത്. ഡോക്‌ടറെ കണ്ടു ചികിൽസയുടെ രേഖകൾ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ശേഷം ഇദ്ദേഹം തിരികെ വീണ്ടും ആശുപത്രിയിൽ എത്തി. തുടർന്ന് ഒന്നാം നിലയിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്.
മുകളിലേക്ക് ഉയർന്ന ലിഫ്റ്റിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്‌ക്കുകയായിരുന്നു. ലിഫ്റ്റിൽ ഉണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിൽ ഉണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്‌തില്ല. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല.
ഇതിനിടെ, രവീന്ദ്രൻ നായരേ കാണാതായതോടെ കുടുംബം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് രാവിലെ ഓപ്പറേറ്റർ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയിൽ കിടക്കുകയായിരുന്ന രവീന്ദ്രൻ നായരെ കണ്ടെത്തിയത്. ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണ് ഓപ്പറേറ്റർ പറയുന്നത്. എന്നാൽ, തകരാറിലുള്ള ലിഫ്റ്റിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്‌ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രന്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ