വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിൽ. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലേക്ക് പോവുക. ഇതിനായി വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് തിരിച്ചു. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിക്കുക. ദുരന്ത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ബെയ്‌ലി പാലം പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ക്യാമ്പുകളും കളക്‌ടറേറ്റും സന്ദർശിക്കും. ശേഷം അവലോകന യോഗവും നടക്കും. മേഖലയിൽ ഇന്ന് തിരച്ചിൽ ഉണ്ടാവില്ല. നാളെ തിരച്ചിൽ പുനരാരംഭിക്കും. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്നുവരെ ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. ഹെവി വെഹിക്കിൾസ്, മൾട്ടി ആക്‌സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്ക് വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമരശേരി ഡിവൈഎസ്‌പി അറിയിച്ചു.
Most Read| ‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; ഹരജി സുപ്രീം കോടതി തള്ളി