തിരുവനന്തപുരം: വയനാടിന്റെ കാര്യത്തിൽ ജനങ്ങളെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലുണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
”വിശദമായ റിപ്പോർട് കേരളം നൽകാത്തതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നാണ് അമിത് ഷാ പറഞ്ഞത്. ഇത് വസ്‌തുതാ വിരുദ്ധമാണ്. ഇതിൽ നാടിന്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് വിഷയത്തിൽ ആദ്യമായല്ല ആഭ്യന്തരമന്ത്രി തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നത്.
ഇല്ലാത്ത കാലാവസ്‌ഥാ റിപ്പോർട് ചൂണ്ടിക്കാട്ടി പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ മുൻപ് അദ്ദേഹം ശ്രമിച്ചു. കേന്ദ്രം കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടും കേരളം എന്താണ് ചെയ്‌തത് എന്ന് അദ്ദേഹം പാർലമെന്റിൽ ചോദിച്ചത്. അങ്ങനെ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല എന്ന് തെളിവ് സഹിതം വ്യക്‌തമാക്കപ്പെട്ടു. അതിന്റെ ആവർത്തനമായി വേണം കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയും കാണാൻ.
പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്‌റ്റ് പത്തിനാണ് ദുരന്തമേഖലയിൽ എത്തിയത്. കേന്ദ്ര സംഘത്തിന് മുന്നിലും പ്രധാനമന്ത്രിക്ക് മുന്നിലും കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നു. ഓഗസ്‌റ്റ് 17ന് കേരളം കേന്ദ്രത്തിന് നിവേദനം നൽകി. 1202 കോടി പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞു 100 ദിവസമായി. മെമ്മോറാണ്ടം നൽകിയിട്ട് മൂന്ന് മാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയിൽ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റുപല സംസ്‌ഥാനങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് നൽകിയിട്ടില്ല.
നേരത്തെ നൽകിയ മെമ്മോറാണ്ടത്തിന് പുറമെ പോസ്‌റ്റ് ഡിസാസ്‌റ്റർ നീഡ്‌സ് അസസ്മെന്റ് നടത്തുകയും വിശദമായ 583 പേജുള്ള റിപ്പോർട് നവംബർ 13ന് കേന്ദ്രത്തിന് നൽകുകയും ചെയ്‌തു. ഈ പ്രക്രിയയ്‌ക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം”- മുഖ്യമന്ത്രി പറഞ്ഞു.
2023 ഒക്‌ടോബറിൽ സിക്കിമിലും 2023 ജനുവരിയിൽ ഉത്തരാഖണ്ഡിലും 2023 ജൂലൈയിൽ ഹിമാചലിലും ദുരന്തം ഉണ്ടായപ്പോൾ പിഡിഎൻഎ തയ്യാറാക്കിയത് മൂന്നുമാസം കഴിഞ്ഞാണ്. സമർപ്പിച്ച മെമ്മോറാണ്ട പ്രകാരം അടിയന്തിര സഹായം നൽകിയില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ആ ആക്ഷേപത്തെ മറികടക്കാനാണ് പിഡിഎൻഎ സമർപ്പിക്കാൻ കേരളം വൈകിയെന്ന വാദം കേന്ദ്രം ഉന്നയിക്കുന്നത്.
പിഡിഎൻഎയിൽ നിന്ന് പുനർനിർമാണ ഫണ്ടാണ് കേരളം ആവശ്യപ്പെടുന്നത്. ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വയനാടിന്റെ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോൾ വളരെ വേഗത്തിലാണ് സഹായം ലഭ്യമാക്കിയത്. അതേ കേന്ദ്ര സർക്കാരാണ് കേരളത്തോട് അവഗണന കാണിക്കുന്നത്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്