കൊച്ചി: സംസ്‌ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി. കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്‌ഥാനത്തിന് പണം നല്‍കുമെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരിന്റെ എസ്‌ഡിആർ (State Disaster Response Fund) ഫണ്ടിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. കേന്ദ്രവും സംസ്‌ഥാനവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.
എസ്‌ഡിആർ ഫണ്ടിൽ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്നതിന്, രണ്ടു തവണയായി ആകെ 291 കോടി രൂപ കേന്ദ്രം എസ്‌ഡിആർ ഫണ്ടിലേക്ക് നല്‍കിയെന്നും സംസ്‌ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്‌ഥാനനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്‌ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്‌തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്‌ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലാതെ പോയത്.
ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നു സർക്കാര്‍ ആരോപിച്ചു. മാദ്ധ്യമങ്ങളിൽ കൂടി മാത്രമല്ല, പാർലമെന്റിലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായി എന്നും സർക്കാർ പറഞ്ഞു. ഇരുകൂട്ടരും തമ്മിൽ മുഴുവൻ സമയവും തർക്കമാണെന്നും തങ്ങൾക്ക് ഇതിൽ താൽപര്യമില്ലെന്നും വ്യക്‌തമാക്കിയ കോടതി, ദുരന്തത്തിന് ഇരയായവർക്ക് സഹായം എത്തിക്കാനാണ് തങ്ങൾ പ്രാമുഖ്യം കൊടുക്കുന്നത് എന്നും വ്യക്‌തമാക്കി.
2010 മുതൽ ഓരോ വർഷവും 700 കോടി രൂപയോളം വിവിധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വേണ്ടി വരാറുണ്ടെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ എസ്‌ഡിആർഎഫിലുള്ള തുക വയനാട്ടിൽ സ്‌ഥലം വാങ്ങാനും പുനരധിവാസ കാര്യങ്ങൾക്കുമൊന്നിനും തികയില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക സഹായം ആവശ്യപ്പെടുന്നതെന്ന് സംസ്‌ഥാന സർക്കാർ പറഞ്ഞപ്പോഴാണ്, ആദ്യം കയ്യിൽ ഉള്ള പണം എത്രയാണ് എന്നതിന്റെ കണക്ക് ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്.
കണക്കുകള്‍ വ്യാഴാഴ്‌ച സമര്‍പ്പിക്കാമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ വാദം ഡിസംബർ പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി. വയനാടിനായി പ്രത്യേക സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ ഇരുകൂട്ടർക്കും ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിപി മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് ഇന്നു കേസ് പരിഗണിച്ചത്.
KAUTHUKAM | സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!