തിരുവനന്തപുരം: 54ആംമത് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിൽ മികച്ച പ്രകടനത്തിന് പൃഥ്‌വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും ‘തടവ്’ എന്ന ചിത്രത്തിലൂടെ ബീന ആർ ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ആടുജീവിതത്തിലൂടെ ബ്ളെസിയാണ് മികച്ച സംവിധായകൻ.
മികച്ച ചിത്രം ‘കാതൽ’. മികച്ച രണ്ടാമത്തെ ചിത്രം ‘ഇരട്ട’. പൂക്കാലത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടി. ശ്രീഷ്‌മ ചന്ദ്രനാണ് മികച്ച സ്വഭാവനടി. ‘തടവ്’ എന്ന സിനിമയിലൂടെ ഫാസിൽ റസാഖ് മികച്ച നവാഗത സംവിധായകനായി. ഒമ്പത് പുരസ്‌കാരങ്ങൾ നേടി ആടുജീവിതം ഇത്തവണ തിളങ്ങി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെആർ ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്ററാണ് മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയത്. ആൻ ആമി മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. ജസ്‌റ്റിൻ വർഗീസാണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയത്.
പശ്‌ചാത്തല സംഗീതം കാതൽ എന്ന സിനിമയിലൂടെ മാത്യൂസ് ഉളിക്കലിന് ആണ്. മികച്ച ബാലതാരം (പെൺ) തെന്നൽ അഭിലാഷ്, മികച്ച ബാലതാരം (ആൺ) അവ്യുക്‌ത് മേനോൻ. 2023ലെ 160 ഓളം സിനിമകളാണ് സംസ്‌ഥാന അവാർഡിനായി പരിഗണിച്ചത്. പ്രത്യേക ജൂറി രണ്ടു സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകൾ കാണുകയും 35 സിനിമകൾ ഷോർട് ലിസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
അതേസമയം, 70ആം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഋഷഭ് ഷെട്ടിയാണ് മികച്ച നടൻ. തിരിച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിന് നിത്യ മേനോനും ‘കച്ച് എക്‌സ്‌പ്രസ്’ എന്ന ചിത്രത്തിലൂടെ മാനസി പരേഖും മികച്ച നടിമാരായി.
നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനായി മലയാളിയായ മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. ‘സൗദി വെള്ളക്ക’ മികച്ച മലയാള ചിത്രമായി തിആഞ്ഞെടുക്കപ്പെട്ടു. ‘കെജിഎഫ്’ ആണ് മികച്ച കന്നഡ ചിത്രം. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറം ഫെയിം ശ്രീപദ് നേടി. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച സംവിധായകൻ സൂരജ് ബർജാത്യ.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ








































