കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാൽസംഗ കേസിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനത്തിന് കടിഞ്ഞാണിട്ട് സർക്കാർ. മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതാണ് സർക്കാർ വിലക്കിയത്.
ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. ഇതോടെ മുകേഷിന് പൂർണമായും സിപിഎം സംരക്ഷണം തീർത്തിരിക്കുകയാണ്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് നേരത്തെ തന്നെ സിപിഎം നിലപാടെടുത്തിരുന്നു.
പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണ സംഘം പ്രോസിക്യൂഷന് നൽകിയ കത്ത് മടക്കി നൽകും. അപ്പീലിന് നിയമസാധ്യത ഇല്ലെന്ന മറുപടിയോടെയാകും കത്ത് മടക്കുക.
പരാതിക്കാരിയുടെ മൊഴിയടക്കം വിശദമായി പരിശോധിച്ചാണ് സെഷൻസ് കോടതി ഉത്തരവെന്നും ഇത് വിചാരണയെ ബാധിക്കുന്നതാണ് എന്നുമാണ് നേരത്തെ സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. അതേസമയം, പ്രതിയായ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമോ എന്നതിന് തീരുമാനമായില്ല.
നടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ മുകേഷിനും ഇടവേള ബാബുവിനും ഈ മാസം അഞ്ചിനാണ് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. സത്യം തെളിയിക്കാനുള്ള യാത്രയിൽ ആദ്യപടി കടന്നെന്നാണ് മുകേഷിന്റെ അഭിഭാഷകൻ അന്ന് പ്രതികരിച്ചത്.
ബലാൽസംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥ ആണെന്നായിരുന്നു മുകേഷിന്റെ വാദം. 15 വർഷങ്ങൾക്ക് ശേഷം പരാതിയുമായി വന്നതിന് മറ്റു ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.
അതേസമയം, ബലാൽസംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, നടിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ ചലച്ചിത്ര കോൺക്ളേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയിരുന്നു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ