ചെന്നൈ: തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് ഗവർണർക്ക് കത്ത് നൽകി. ഇന്ന് വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിൻ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടാകുമെന്ന് റിപ്പോർട് ഉണ്ടായിരുന്നു. സെന്തിൽ ബാലാജി ഉൾപ്പടെ നാലുപേരെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉൾപ്പടെ മൂന്നുപേരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി. സെന്തിൽ ബാലാജിയെ കൂടാതെ ഡോ. ഗോവി ചേഴിയാൻ, ആർ രാജേന്ദ്രൻ, എസ്എം എന്നിവരാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. പുനഃസംഘടനയോടെ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിയാർജിക്കും. ഡിഎംകെയിൽ ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി.
കൈക്കൂലിക്കേസിൽ 2023 ജൂണിലാണ് എക്സൈസ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ജയിലിലായ സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനിടെ ഗവർണർ ആർഎൻ രവി രംഗത്തെത്തുകയും തുടർന്ന് ഫെബ്രുവരിയിൽ സെന്തിൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
Most Read| അൻവറിന് പിന്തുണയുമായി നിലമ്പൂരിൽ ഫ്ളക്സ്; വീടിന് പോലീസ് സുരക്ഷ







































