കൊച്ചി: ശബരിമല ഭക്‌തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദ്ദേശം. ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജി നൽകിയത്. കുറി തൊടുന്നതിന് പണം ഈടാക്കാൻ കരാർ നൽകിയ ബോർഡിന്റെ നടപടിക്കെതിരെ എരുമേലി സ്വദേശികളായ ഭക്‌തർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എരുമേലിയിൽ പേട്ടതുള്ളൽ കഴിഞ്ഞെത്തുന്ന അയ്യപ്പ ഭക്‌തരിൽ നിന്നും സിന്ദൂരവും ചന്ദനവും തൊടാൻ പത്തുരൂപ വീതം ഇടാക്കാനായിരുന്നു ദേവസ്വം ബോർഡ് തീരുമാനം.
ഇതനുസരിച്ചാണ് കരാർ നൽകിയതും. എന്നാൽ, പേട്ടതുള്ളലിനും എരുമേലി നദിയിലെ പുണ്യസ്‌നാനത്തിനും ശേഷം ചന്ദനം, വിഭൂതി തുടങ്ങിയവ തൊടുന്നത് എരുമേലി ശ്രീധർമശാസ്‌താ ക്ഷേത്രത്തിന്റെ ആചാരങ്ങളുടെ ഭാഗമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, മാസപൂജ, മണ്ഡല മകരവിളക്ക് സമയത്ത് പേട്ടതുള്ളുന്ന ചില തീർഥാടകർ ഇത് പിന്തുടരാറുണ്ട്.
ശബരിമല തീർഥാടകരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. ശബരിമല തീർഥാടകരെ ആരും ചൂഷണം ചെയ്യരുത്. നടപ്പന്തലിലും ആനക്കൊട്ടിലിലും മൂന്ന് കണ്ണാടികളിലുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്‌തമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് സൗജന്യമായി ഉപയോഗിക്കാൻ വിഭൂതി, ചന്ദനം തുടങ്ങിയവ കണ്ണാടിക്ക് താഴെ വെയ്‌ക്കാറുണ്ട്.
ക്ഷേത്രത്തിനുള്ളിൽ പ്രസാദവും നൽകുന്നുണ്ട്. കുത്തകാവകാശം ഉള്ളവർക്ക് ഉൾപ്പടെ അനധികൃത പ്രവൃത്തികൾ അനുവദിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹരജി അടുത്ത ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































