‘നവീൻ ബാബുവിന്റേത് ആത്‍മഹത്യ തന്നെ’; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി

അതിനിടെ, നവീൻ ബാബു ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. ഫയൽ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി.

By Senior Reporter, Malabar News
Naveen Babu
Ajwa Travels

കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. നവീന്റെത് ആത്‍മഹത്യ തന്നെയാണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. അതേസമയം, മരണ സമയം റിപ്പോർട്ടിലില്ല.

കഴുത്തിൽ കയർ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റു ഘടകങ്ങളോ ഇല്ലെന്നും ഇൻക്വസ്‌റ്റ് റിപ്പോർട്ടിലുണ്ടായിരുന്നു.

ഏകദേശം പുലർച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുകയെന്നാണ് റിപ്പോർട്. 4.58ന് നവീൻ കളക്‌ട്രേറ്റിലെ രണ്ട് ഉദ്യോഗസ്‌ഥർക്ക്‌ സന്ദേശമയച്ചിരുന്നു. ഭാര്യയുടെയും മക്കളുടെയും ഫോൺ നമ്പറായിരുന്നു അയച്ചത്. എന്നാൽ, നവീന്റെ മരണവിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.

അതിനിടെ, നവീൻ ബാബു ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. ഫയൽ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്‌ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പിപി ദിവ്യ മൊഴി നൽകിയിട്ടില്ല. എ ഗീതയുടെ അന്വേഷണ റിപ്പോർട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.

പലതവണ ആവശ്യപ്പെട്ടിട്ടും നവീൻ ബാബു എൻഒസി നൽകാൻ വൈകിയെന്നായിരുന്നു പിപി ദിവ്യയുടെ ആരോപണം. എന്നാൽ, ദിവ്യ ആരോപിച്ചത് പോലെ എൻഒസി നൽകാൻ നവീൻ ബാബു വൈകിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകുന്ന അന്വേഷണ റിപ്പോർട് പിപി ദിവ്യയ്‌ക്ക് കൂടുതൽ കുരുക്കാകുകയാണ്. ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം വ്യാഴാഴ്‌ചയാണ് നടക്കുക.

അതേസമയം, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ അന്വേഷണ കമ്മീഷന് മൊഴി നൽകി. പിപി ദിവ്യ പരിപാടിക്ക് എത്തുമെന്ന് മുൻപ് അറിയില്ലായിരുന്നുവെന്നും കളക്‌ടർ മൊഴി നൽകി. ഇന്നലെയാണ് കളക്‌ടറുടെ മൊഴി രേഖപ്പെടുത്തിയത്. കളക്‌ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നായിരുന്നു മുൻ‌കൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറഞ്ഞിരിക്കുന്നത്.

എന്നാൽ, ഇത് തള്ളിയിരിക്കുകയാണ് കളക്‌ടർ. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്‌ടർ മൊഴി നൽകി. അതേസമയം, നവീൻ ബാബുവിനെതിരെ നൽകിയ പരാതി മരണശേഷം ധൃതിയിൽ തയ്യാറാക്കിയതാണെന്ന വാദവും ശക്‌തമായി ഉയരുന്നുണ്ട്. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയവുമുണ്ട്. പരാതിക്ക് പിന്നിൽ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുൾപ്പടെയുള്ള സംശയങ്ങളാണ് ഉയരുന്നത്.

Most Read| ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE