പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്ന എകെ ഷാനിബ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതേസമയം, എകെ ഷാനിബിനോട് പാലക്കാട്ടെ മൽസരത്തിൽ നിന്ന് പിൻമാറാൻ എൽഡിഎഫ് സ്‌ഥാനാർഥി പി സരിൻ അഭ്യർഥിച്ചതായാണ് വ്യവരം.
എന്നാൽ, മൽസരത്തിൽ നിന്ന് പിൻമാറില്ലെന്ന് പറഞ്ഞ ഷാനിബ്, ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും വ്യക്‌തമാക്കി. സരിന് പിന്നാലെ കോൺഗ്രസ് വിട്ട എകെ ഷാനിബ് സ്വതന്ത്ര സ്‌ഥാനാർഥിയായി പാലക്കാട് നിന്ന് മൽസരിക്കുമെന്ന് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ് ഷാനിബ്.
തന്റെ സ്‌ഥാനാർഥിത്വം ഒരിക്കലും ബിജെപിക്ക് അനുകൂലമായിരിക്കില്ലെന്നും പകരം ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കുമെന്നും ഷാനിബ് പറഞ്ഞിരുന്നു. പക്വതയില്ലാത്ത നേതാവാണ് വിഡി സതീശൻ. ഷാഫി പറമ്പിലും സതീശനും പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. ബിജെപിയെ സഹായിക്കാനാണ് സതീശന്റെ ശ്രമമെന്നും പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.
പാലക്കാട്- വടകര-ആറൻമുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്‌തസാക്ഷിയാണ് കെ മുരളീധരൻ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറൻമുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.
പാലക്കാട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്നും ഷാനിബ് വിമർശിച്ചിരുന്നു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻചാണ്ടി അസുഖ ബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയതെന്നതടക്കം ഷാനിബ് തുറന്നടിച്ചിരുന്നു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്