ന്യൂഡെൽഹി: തുടർച്ചയായ മൂന്നാംദിവസവും ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമാണ് ഡെൽഹിയിലുടനീളം. ഒരുനിമിഷം അകത്തേക്ക് ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടകരമായ അവസ്‌ഥയിലാണെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.
അതിനാൽ, ശ്വാസതടസം ഉൾപ്പടെയുള്ള ലക്ഷണങ്ങളുമായെത്തുന്ന രോഗികളുടെ ചികിൽസയ്‌ക്കായി സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശരാശരി വായുനിലവാര സൂചിക (എക്യുഐ) 488 ആയി. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500 കടന്നു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹിയിൽ നിയന്ത്രണങ്ങൾ കർശനമാണ്. സംസ്‌ഥാന സർക്കാർ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് പരിസ്‌ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. വർക്ക് ഫ്രം ഹോം ഏത് രീതിയിൽ നടപ്പാക്കുമെന്നത് ഉന്നത ഉദ്യോഗസ്‌ഥരുമായി സർക്കാർ ചർച്ച ചെയ്യും.
ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. നിലവിൽ ഡെൽഹി ആരോഗ്യ അടിയന്തരാവസ്‌ഥയിലാണ്. ഇത് തരണം ചെയ്യുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും തേടും- മന്ത്രി ഗോപാൽ റായ് പറഞ്ഞു.
വാഹന നിയന്ത്രണം എത്രമാത്രം പ്രായോഗികമായ പരിഹാരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞവർഷം ആരാഞ്ഞിരുന്നു. വിദഗ്‌ധരുടെ ഉപദേശം തേടിയതിന് ശേഷം മാത്രമേ ഇത്തവണ ഈ മാതൃകയിലുള്ള വാഹന നിയന്ത്രണം ഏർപ്പെടുത്തൂവെന്നാണ് റായ് കഴിഞ്ഞദിവസം പറഞ്ഞത്.
10, 12 ക്ളാസ് ഒഴികെ മറ്റെല്ലാ ക്ളാസുകൾക്കും അവധി പ്രഖ്യാപിച്ചു. ഓൺലൈനായി ക്‌ളാസുകൾ എടുക്കും. അവശ്യ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡെൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കും. കോളേജുകളിലെയും റഗുലർ ക്ളാസ് ഒഴിവാക്കി ഓൺലൈനാക്കാം. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗികൾ, ഹൃദ്രോഗികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്.
വാഹനങ്ങളിൽ നിന്നുള്ള പുക, ഫാം ഫയർ, കാറ്റിന്റെ വേഗത കുറഞ്ഞതുൾപ്പടെയുള്ള പ്രതികൂല കാലാവസ്‌ഥയാണ് ഡെൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും മലിനീകരണ തോത് വർധിപ്പിച്ചത്. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും വീടുകൾക്ക് ഉള്ളിൽ കഴിയാനാണ് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്. രാവിലെയും വൈകിട്ടും പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾ കുറയ്‌ക്കാനാണ് ഡോക്‌ടർമാർ നൽകുന്ന നിർദ്ദേശം.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്