കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും കവർന്നതായാണ് പരാതി. വളപട്ടണം മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അരി മൊത്ത വ്യാപാരിയാണ് അഷ്‌റഫ്.
അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 19ആം തീയതിയാണ് അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ കാണാനായി പോയത്. യാത്ര കഴിഞ്ഞു ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതറിഞ്ഞത്.
കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്‌ടാക്കൾ വീടിനുള്ളിൽ കടന്നത്. മൂന്നുപേർ മതിൽ ചാടി വീടിനുള്ളിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇൻസ്‌പെക്‌ടർ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































