കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന കേസിൽ അയൽവാസി പിടിയിൽ. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അയൽവാസി കൊച്ചു കൊമ്പൻ ലിജീഷിനെയാണ് (30) ഇന്നലെ വൈകിട്ട് അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്.
കവർച്ച ചെയ്‌ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ ലിജീഷിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു.
ഞായറാഴ്‌ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ചു വാങ്ങാൻ ചെല്ലാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് ലിജീഷിനെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. റൂറൽ എസ്‌പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടികെ രത്‌നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ 19ആം തീയതിയാണ് അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയത്. ഈ സമയത്തായിരുന്നു മോഷണം. യാത്ര കഴിഞ്ഞു 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതറിഞ്ഞത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും