പട്‌ന: ജാൻ സൂരജ് പാർട്ടി സ്‌ഥാപകൻ പ്രശാന്ത് കിഷോർ അറസ്‌റ്റിൽ. ബിഹാർ പബ്ളിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്‌നയിലെ ഗാന്ധി മൈതാനിയിൽ അനിശ്‌ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെ ആയിരുന്നു അറസ്‌റ്റ്. ഇന്ന് പുലർച്ചെയാണ് പ്രശാന്ത് കിഷോറിനെ പട്‌ന പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ആംബുലൻസിൽ എയിംസിലേക്കാണ് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയത്. നേരത്തെ, ആശുപത്രിയിലേക്ക് മാറ്റാനുള്ള പോലീസ് നീക്കം ചെറുത്ത പ്രശാന്ത് കിഷോർ, മരണം വരെ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പട്‌ന പോലീസിന്റെ വൻ സംഘം എത്തിയാണ് അനുയായികളുടെ കടുത്ത എതിർപ്പും വന്ദേഭാരതം വിളിയും വകവെക്കാതെ ഗാന്ധി മൈതാനത്തെ നിരാഹാര വേദിയിൽ നിന്നും പ്രശാന്ത് കിഷോറിനെ കസ്‌റ്റഡിയിൽ എടുത്തത്.
ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 അനുയായികൾക്കുമെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ബിഎസ്‌പി നടത്തിയ സംയോജിത മൽസര പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോർ കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.
ബിപിഎസ്‌സി കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ നടത്തണം എന്നിവയാണ് അവശ്യങ്ങൾ. ചോദ്യപേപ്പർ ചോർച്ച ആരോപിച്ചാണ് പ്രതിഷേധം. ഡിസംബർ 13ന് നടന്ന ബിപിഎസ്‌സി പ്രിലിമിനറി പരീക്ഷയിൽ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്‌ചയിലേറെയായി ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്.
അതിനിടെയാണ് പ്രശാന്ത് കിഷോർ ഐക്യദാർഢ്യവുമായി എത്തിയത്. പരീക്ഷ റദ്ദാക്കണമെന്ന് പ്രശാന്ത് കിഷോർ നേരത്തെ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന വിദ്യാർഥികളെ കാണാൻ പോലും മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറായില്ലെന്ന് പ്രശാന്ത് കിഷോർ വിമർശിച്ചിരുന്നു. സർക്കാർ വിദ്യാർഥികളെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു