തൃശൂർ: അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂരിലെ അമല ആശുപത്രിയിൽ 7.54ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
മലയാള ചലച്ചിത്ര ഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രൻ, ആറുപതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്നു. പ്രണയവയും വിരഹവും ഭക്‌തിയുമൊക്കെ ഭാവപൂർണതയോടെ ആ ശബ്‌ദത്തിൽ തെളിഞ്ഞിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒട്ടേറെ ആൽബം, ലളിതഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരുതവണയും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണയും നേടിയിട്ടുണ്ട്.
കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്‌നാട് സംസ്‌ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. തൃപ്പുണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്.
പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്ക് താമസം മാറി. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിൽ നിന്നാണ് സംഗീതത്തോടുള്ള താൽപര്യം ജയചന്ദ്രനുണ്ടായത്. കുട്ടിക്കാലത്ത് ചെണ്ടയും മൃദംഗവും പഠിച്ചിരുന്നു. സ്‌കൂളിലും വീടിന് സമീപത്തെ ക്രിസ്‌ത്യൻ പള്ളിയിലും ജയചന്ദ്രൻ പതിവായി പാടിയിരുന്നു. ചേന്ദമംഗലം പാലിയം സ്‌കൂൾ, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം.

1858ൽ ആദ്യ സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാം സ്‌ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്‌ഥാനവും ലഭിച്ചു. അന്ന് ലളിതഗാനത്തിലും ശാസ്‌ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം മദ്രാസിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറി.
ചെന്നൈയിൽ ഒരു ഗാനമേളയിൽ ജയചന്ദ്രന്റെ പാട്ടുകേട്ട ശോഭന പരമേശ്വരൻ നായരും എം വിൻസെന്റും അദ്ദേഹത്തെ സിനിമയിൽ പാടാൻ ക്ഷണിച്ചു. അങ്ങനെയായിരുന്നു സിനിമയിലേക്കുള്ള ജയചന്ദ്രന്റെ ചുവടുവെപ്പ്. 1965ൽ ‘കുഞ്ഞാലിമരയ്‌ക്കാർ’ എന്ന സിനിമയിൽ പി ഭാസ്‌കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന ഗാനം പാടി.
എന്നാൽ, സിനിമയുടെ റിലീസ് വൈകിയെങ്കിലും പാട്ട് ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ദേവരാജൻ ‘കളിത്തോഴൻ’ എന്ന ചിത്രത്തിൽ ജയചന്ദ്രന് അവസരം നൽകി. അങ്ങനെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പാട്ട് പാടി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായി ഈ പാട്ട് മാറി. പിന്നീട് ജയചന്ദ്രന് പിന്തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഇതോടെ ജോലി ഉപേക്ഷിച്ച ജയചന്ദ്രൻ സംഗീതലോകത്ത് തുടരാൻ തീരുമാനിച്ചു.

ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ പിന്നീട് സംഗീതാസ്വാദകരുടെ മനസുകളിൽ ജയചന്ദ്രൻ കുടിയേറി. ഒടുവിൽ സ്‌നേഹത്തോടെ മലയാളികൾ വിശേഷിപ്പിച്ചു ഭാവഗായകനെന്ന്. ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംഗീത സംവിധായകരുടെയും ഗാനങ്ങൾ ആലപിക്കാൻ ഭാഗ്യമുണ്ടായി. പി ഭാസ്‌കരനും വയലാറും മുതൽ പുതിയതലമുറയിലെ ബികെ ഹരിനാരായണൻ വരെയുള്ള കവികളുടെ വരികൾക്ക് ആ ശബ്‌ദത്തിലൂടെ ജീവൻ തുടിച്ചു.
രാസാത്തി ഉന്നൈ കാണാതെ ശബ്‌ദതരംഗമായി തമിഴ് സിനിമ കീഴടക്കി. നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശിൽപ്പം, കർപ്പൂരദീപത്തിൽ കാന്തിയിൽ, അഷ്‌ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനെ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, അനുരാഗ ഗാനം പോലെ, ഏകാന്ത പഥികൻ ഞാൻ, സന്ധ്യക്കെന്തിന് സിന്ദൂരം, നിൻമണിയറയിലെ, ഉപാസന ഉപാസനാ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കുടഞ്ഞെടുത്തൊരു, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും, നീയൊരു പുഴയായി, എന്തേ ഇന്നും വന്നീലാ, ആരാരും കാണാതെ, തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ.

1986ൽ ‘ശ്രീനാരായണ ഗുരു’ എന്ന സിനിമയിലെ ‘ശിവശങ്കര സർവ ശരണ്യവിഭോ’ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. 1972ൽ ‘പണിതീരാത്ത വീട്’ എന്ന സിനിമയിലെ ‘നീലഗിരിയുടെ സഖികളെ’, 1978ൽ ‘ബന്ധന’ത്തിലെ ‘രാഗം ശ്രീരാഗം’, 2000ത്തിൽ ‘നിറ’ത്തിലെ ‘പ്രായം തമ്മിൽ മോഹം നൽകി’, 2004ൽ ‘തിളക്ക’ത്തിലെ ‘നീയൊരു പുഴയായി’, 2015ൽ ‘ജിലിബി’യിലെ ‘ഞാനൊരു മലയാളി’, ‘എന്നും എപ്പോഴുമിലെ’ ‘മലർവാകക്കൊമ്പത്തെ’, ‘എന്ന് നിന്റെ മൊയ്‌തീനി’ലെ ‘ശാരദാംബരം’ എന്നീ ഗാനങ്ങൾക്ക് മികച്ച ഗായകനുള്ള സംസ്‌ഥാന പുരസ്‌കാരവും സ്വന്തമാക്കി.
1994ൽ ‘കിഴക്ക് സീമ’യിലെ എന്ന ചിത്രത്തിലെ ‘കട്ടാഴം കാട്ടുവഴി’ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സർക്കാറിന്റെ പുരസ്‌കാരവും ജയചന്ദ്രൻ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ അംഗീകാരം എന്ന നിലയിൽ 1997ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിനും അദ്ദേഹം അർഹനായി. 2021ൽ കേരളം അദ്ദേഹത്തെ ജെസി ഡാനിയൽ പുരസ്‌കാരം നൽകി ആദരിച്ചു. ഭാര്യ: ലളിത, മകൾ: ലക്ഷ്‌മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം





































