പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്ക് ദിവസമായ നാളെ തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ പത്തിന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
ഉച്ചപൂജ കഴിഞ്ഞു ഒരുമണിക്ക് നട അടച്ചാൽ വൈകിട്ട് തീരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദർശനവും കഴിഞ്ഞശേഷം മാത്രമേ തീർഥാടകരെ 18ആംപടി കയറാൻ അനുവദിക്കൂ. ഉച്ചയ്ക്ക് ശേഷം സോപാനത്തേക്കുള്ള പ്രവേശനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. തിരുവാഭരണ ഘോഷയാത്ര, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന എന്നിവ നടക്കുന്നതിനാൽ ദേവസ്വം വിജിലൻസ് എസ്പി ഒപ്പിട്ട സ്പെഷ്യൽ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്തേക്ക് പ്രവേശിപ്പിക്കൂ.
മകരജ്യോതി ദർശനത്തിന് ശേഷം 18ആംപടി കയറാൻ അനുവദിക്കുന്നതിന് പുറമെ വടക്കേ നടയിലൂടെ സോപാനത്ത് എത്തി തിരുവാഭരണം ചാർത്തി കണ്ടുതൊഴാനും അവസരം ലഭിക്കും. നാളെ വൈകിട്ട് പുല്ലുമേട്ടിൽ നിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിട്ടില്ല. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര അനുവദിക്കില്ല.
തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങുക. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കൂ. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ സുരക്ഷയെ മുൻനിർത്തി പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലയ്ക്കലിൽ 700 എന്നിങ്ങനെ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റ് വ്യൂ പോയിന്റുകളുള്ള ജില്ലകളിലും ക്രമീകരണമായി. കോട്ടയം ജില്ലയിൽ 650, ഇടുക്കി 1050 പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജോലികൾക്ക് നിയോഗിക്കും.
12ആം തീയതി ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങിയത്. 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്തെത്തും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയും. ഇതേസമയം, ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.
തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തിക്കഴിഞ്ഞു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ നിജപ്പെടുത്തി. സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ നിലയ്ക്കലിലേക്ക് മാറ്റി. ഇന്ന് മുതൽ 14 വരെ മുക്കുഴി കാനനപാത വഴി ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ 14ന് പ്രായമായവരും കുട്ടികളും സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക