വാഷിങ്ടൻ: അമേരിക്കയെ നയിക്കാൻ ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമയം രാത്രി 10.30ഓടെയാണ് അമേരിക്കയുടെ 47ആം പ്രസിഡണ്ടായി ട്രംപ് സ്‌ഥാനമേൽക്കുന്നത്. പ്രതികൂല കാലാവസ്‌ഥ മൂലം 1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക.
ട്രംപിന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വാഷിങ്‌ടണിലുണ്ട്. സ്‌ഥാനാരോഹണത്തിന് മുൻപ് വാഷിങ്‌ടണിൽ ട്രംപ് റാലി നടത്തി. താൻ തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേൽ- ഹമാസ് സമാധാന കരാർ നടപ്പായതെന്ന് ട്രംപ് പറഞ്ഞു.
രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്‌തിയിലും പരിഹാരമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. അതിർത്തികളിലെ കടന്നുകയറ്റം നമ്മൾ അവസാനിപ്പിക്കും. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമാക്കി പരിശോധനകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും ട്രംപ് സൂചിപ്പിച്ചു. സ്‌ഥാനമൊഴിയുന്ന ജോ ബൈഡന്റേത് പരാജയപ്പെട്ട സർക്കാർ ആയിരുന്നെന്നും ട്രംപ് ആരോപിച്ചു.
പദവിയിൽ തിരിച്ചെത്തിയാൽ, നിർണായകമായ നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജോ ബൈഡന്റെ വിവിധ നയങ്ങളെ റദ്ദാക്കുന്ന ഒട്ടേറെ ഉത്തരവുകൾ ആദ്യദിവസം തന്നെ ഇറക്കിയേക്കും. എണ്ണഖനനം ഉൾപ്പടെയുള്ള വിഷയങ്ങൾ ഇതിലുൾപ്പെടും. കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന വീഡിയോ പ്ളാറ്റ്‌ഫോമായ ടിക് ടോക്കും പ്രതീക്ഷയിലാണ്. ‘നമുക്ക് ടിക് ടോക്കിനെ രക്ഷിക്കണം’ എന്നാണ് റാലിയിൽ ട്രംപ് പറഞ്ഞത്.
ഇന്ന് അധികാരമേറ്റെടുത്ത് കഴിഞ്ഞാൽ ട്രംപ് വെള്ളിയാഴ്‌ച ലോസ് ആഞ്ചലസ് അഗ്‌നിബാധാ പ്രദേശങ്ങൾ സന്ദർശിക്കും. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ചൈന സന്ദർശിച്ചേക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചെന്നൈയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായാണ് റിപ്പോർട്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം









































