ബാറ്റിംഗ് മറന്ന ചെന്നൈക്ക് നാണം കെട്ട തോല്‍വി; 10 വിക്കറ്റ് ജയവുമായി മുംബൈ മുന്നോട്ട്

By Sports Desk , Malabar News
MALABARNEWS-TRENTBOULT
Trent Boult
Ajwa Travels

ഷാര്‍ജ: ട്രെന്‍ഡ് ബൗള്‍ട്ടും ജസ്‌പ്രീത് ബുംറയും എറിഞ്ഞിട്ട ചെന്നൈയെ ഇഷാന്ത് കിഷന്‍ തല്ലിയൊതുക്കി.  തകര്‍ന്നടിഞ്ഞ ചെന്നൈ ബാറ്റിംഗ് ടോപ് ഓര്‍ഡറിനിടയില്‍ സാം കറന്റെ (52) ഒറ്റയാള്‍ പോരാട്ടം പാഴായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 10 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 115 റണ്‍സ് മുംബൈ 12.2 ഓവറില്‍ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ നേടി. ഇഷാന്ത് കിഷന്‍ (37 പന്തില്‍ 5 സിക്‌സും 6 ഫോറും അടക്കം 68 റണ്‍സ്), ഡീ കോക്ക് (37 പന്തില്‍ 46 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈയെ കാത്തിരുന്നത് ഈ ഐ പി എല്ലിലെ ഏറ്റവും വലിയ ബാറ്റിംഗ് ദുരന്തങ്ങളില്‍ ഒന്നായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. ആദ്യമായി അവസരം കിട്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌ത റതുരാജ് ഗേയ്‌ക്ക്‌വാദ് (0)ട്രെന്‍ഡ് ബൗള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജസ്‌പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ ചെന്നൈക്ക് ഇരട്ട പ്രഹരമാണ് ഏറ്റത്.

ബുംറയെ പുള്‍ ചെയ്യാന്‍ ശ്രമിച്ച് എഡ്ജ് ചെയ്‌ത അമ്പാട്ടി റായിഡു (2) വിക്കറ്റ് കീപ്പര്‍ ഡി കോക്കിന്റെ കൈയില്‍ ഒതുങ്ങി. തൊട്ടടുത്ത പന്തില്‍ മറ്റൊരു പുതുമുഖമായ നാരായണ്‍ ജഗദീശന്‍ (0) സെക്കന്‍ഡ് സ്ളിപ്പിൽ സൂര്യകുമാര്‍ യാദവ് പിടിച്ച് പുറത്തായതോടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് രണ്ടാം ഓവറില്‍ തന്നെ ക്രീസില്‍ എത്തേണ്ടി വന്നു. തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ ബാറ്റ് വെച്ച ഓപ്പണര്‍ ഡുപ്ളെസി(1) കീപ്പര്‍ക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങിയതോടെ 3 ഓവറില്‍ നാല് വിക്കറ്റിന് 4 റണ്‍സ് എന്ന നിലയിലേക്ക് ചെന്നൈ കൂപ്പു കുത്തി.

അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ധോണി-ജഡേജ സഖ്യം ബുംറയുടെ ഓവറില്‍ മൂന്ന് ബൗണ്ടറി നേടി പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും കൂട്ടുകെട്ടിന് അധികം ആയുസ് ഉണ്ടായില്ല. ബോള്‍ട്ടിനെ പുള്‍ ചെയ്യാനുള്ള ജഡേജയുടെ (7) ശ്രമം മിഡ് വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡെയുടെ കൈകളില്‍ അവസാനിച്ചതോടെ ചെന്നൈക്ക് അഞ്ചാം വിക്കറ്റും നഷ്‌ടമായി.

ഏഴാം ഓവറില്‍ ചഹാറിനെ ക്രീസ് വിട്ടിറങ്ങി സിക്‌സര്‍ പറത്തിയ ധോണി തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 16 പന്തില്‍ 16 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. തൊട്ടു പുറകെ ദീപക് ചഹാര്‍ റണ്ണൊന്നും എടുക്കാതെ രാഹുല്‍ ചഹാറിന്റെ പന്തില്‍ പുറത്തായി. ക്രീസിന് വെളിയിലാണെന്ന് അറിയാതെ ഷോട്ട് ഉതിര്‍ത്ത ചഹാറിനെ ഡീ കോക്ക് സ്‌റ്റംപ് ചെയ്‌ത് പുറത്താക്കുക ആയിരുന്നു.

ശാര്‍ദുല്‍ താക്കൂറിനെ (11) കോള്‍ട്ടര്‍ നൈല്‍ സൂര്യകുമാര്‍ യാദവിന്റെ കൈയില്‍ എത്തിച്ചതോടെ ചെന്നൈക്ക് എട്ടാം വിക്കറ്റ് നഷ്‌ടമായി. ഒറ്റക്ക് പൊരുതിയ സാം കറന്‍ ആണ് ഒരു ഘട്ടത്തില്‍ 70 കടക്കില്ലെന്ന് തോന്നിയ ചെന്നൈയെ 114 എന്ന മോശമല്ലാത്ത സ്‌കോറില്‍ എത്തിച്ചത്. ഈ സീസണില്‍ ആദ്യമായി അവസരം കിട്ടിയ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നർ ഇമ്രാന്‍ താഹിര്‍ (13) പുറത്താകാതെ നിന്നു. മുംബൈക്കായി ബൗള്‍ട്ട് നാലും ബുംറയും ചഹാറും രണ്ട് വീതവും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡീ കോക്കും ഇഷാന്‍ കിഷനും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആദ്യ ഓവര്‍ എറിഞ്ഞ ദീപക് ചഹാറിനെ രണ്ട് ബൗണ്ടറികളോടെയാണ് ഡീ കോക്ക് വരവേറ്റത്. നേരിട്ട ആദ്യ മൂന്ന് പന്തില്‍ രണ്ടും ബൗണ്ടറിയിലേക്ക് പായിച്ച് ഓപ്പണറായി സ്‌ഥാനക്കയറ്റം ലഭിച്ച ഇഷാന്‍ കിഷന്‍ വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സൂചനയാണ് നല്‍കിയത്.

രോഹിത് ശര്‍മക്ക് പകരക്കാരനായി ഇറങ്ങിയ ഇഷാന്‍ രോഹിതിനെ കവച്ചു വെക്കുന്ന സ്‌ട്രോക്ക് പ്‌ളേയാണ് പിന്നീട് കാഴ്‌ച വെച്ചത്. ഫാസ്‌റ്റെന്നോ സ്‌പിന്നെന്നോ വ്യത്യാസമില്ലാതെ എല്ലാ ബൗളര്‍മാരും ഇഷാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. രവീന്ദ്ര ജഡേജയെ റിവേഴ്‌സ് സ്വീപ്പിലൂടെ ഗ്യാലറിയില്‍ എത്തിച്ച ഇഷാന്‍ ഇതിനിടെ 29 പന്തുകളില്‍ അര്‍ധ ശതകം തികച്ചു.

പുതുമുഖ താരങ്ങളടക്കം ടീമില്‍ നിരവധി മാറ്റങ്ങളുമായി കളത്തിലിറങ്ങിയ മുംബൈയെ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് ആണ് നയിച്ചത്. 11 കളികളില്‍ എട്ടും തോറ്റ ചെന്നൈയുടെ പ്രതീക്ഷ ഏതാണ്ട് അസ്‌തമിച്ചിരിക്കുകയാണ്.

Read Also: അറ്റ്ലീ ചിത്രത്തില്‍ കിംഗ് ഖാന്‍ ഇരട്ട വേഷത്തിലെന്ന് സൂചന; റിപ്പോര്‍ട്ട് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE