തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ (23) പിതാവ് അബ്‌ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. 7.45നാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്താൻ സഹായിച്ചതിന് ഡികെ മുരളി എംഎൽഎയെ കണ്ട് നന്ദി അറിയിച്ച ശേഷം പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദർശിക്കും.
റഹിമിന്റെ ഇളയ മകൻ, അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവരെ താഴെപാങ്ങോടുള്ള ജുമാ മസ്‌ജിദിൽ ആണ് കബറടക്കിയിരിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്ക് റഹിം എത്തും. റഹിമിന്റെ മാനസികാവസ്‌ഥ കൂടി പരിഗണിച്ചു ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
റഹിമിന്റെ മൊഴി കേസിൽ നിർണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങൾ റഹിമിൽ നിന്ന് പോലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. എന്നാൽ, 15 ലക്ഷം രൂപ മാത്രമേ തനിക്ക് ബാധ്യതയുള്ളൂവെന്നാണ് റഹിം വ്യക്‌തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
തിങ്കളാഴ്‌ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുർന്നുള്ള അനിശ്‌ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിന് നൽകിയ ആദ്യ മൊഴി. കല്ലറ പാങ്ങോട് താമസിക്കുന്ന മുത്തശ്ശി സൽമാബീവിയെയാണ് അഫാൻ ആദ്യം വെട്ടിക്കൊലപ്പെടുത്തിയത്.
പിന്നാലെ പേരുമലയിലെ സ്വന്തം വീട്ടിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ താമസിക്കുന്ന പിതൃസഹോദരൻ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തി. പിന്നാലെ പേരുമല ആർച്ച് ജങ്ഷനിലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഫ്‌സാൻ, മാതാവ് ഷമി എന്നിവരെ വെട്ടി. സഹോദരൻ മരിച്ചു. ഇതേ വീട്ടിലേക്ക് പെൺസുഹൃത്തായ ഫർസാനയെ വിളിച്ചുവരുത്തി അഫാൻ വെട്ടി കൊലപ്പെടുത്തി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ