തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടങ്ങളിലാണ്. കൊട്ടാരക്കര, കോന്നി, മൂന്നാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 തീവ്രതയിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്.
ഇവിടങ്ങളിലടക്കം ഏഴ് ഇടങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ 9 തീവ്രതയിലും തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ 8 തീവ്രതയിലും ആണ് അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിൽ രേഖപ്പെടുത്തിയാൽ ഏറ്റവും ഗുരുതര സാഹചര്യമാണെന്ന് ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തുടർച്ചയായി കൂടുതൽ സമയം ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യതാപത്തിനും നേത്രരോഗങ്ങൾക്കും കാരണമായേക്കും. പകൽ പത്തുമണി മുതൽ മൂന്നുവരെയാണ് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ