ഭക്ഷ്യസുരക്ഷാ വിഭാഗം 5.4 കോടി പിഴയുമായി സർവകാല റെക്കോർഡിൽ

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്‌ഥാനമുള്ള കേരളം എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുമായി നിരന്തരമായ പരിശോധനയിലൂടെ ഭക്ഷണ നിലവാരം കൂടുതൽ ഉയർത്താനുള്ള ശ്രമത്തിലാണ്.

By News Desk, Malabar News
Kerala Food Safety Department sets all-time record with fines
Rep AI image | EM's FP Account 2024
Ajwa Travels

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് എല്ലാ ജില്ലകളിലും നടത്തിവരുന്ന പരിശോധനയിൽ 5.4 കോടി രൂപ വിവിധ കാരണങ്ങൾക്കായി പിഴയിനത്തിൽ ഈടാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

20,394 പുതിയ ലൈസൻസും 2,12,436 പുതിയ രജിസ്ട്രേഷനും നൽകിയതായും ലൈസൻസിലും രജിസ്ട്രേഷനിലും 20 ശതമാനത്തോളം വർധനവ് ഉണ്ടാക്കാനായതായും മന്ത്രി പറഞ്ഞു. ഇവയെല്ലാം സർവകാല റെക്കോർഡാണെന്നും പത്രക്കുറിപ്പിൽ മന്ത്രി അറിയിച്ചു.

കർശന പരിശോധനയുടേയും നടപടികളുടേയും ഫലമാണിത്. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾക്ക് പുറമേ സമഗ്രമായ പരിശോധനകൾ നടത്തുന്നതിനായി രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലും പരിശോധനകൾ നടന്നതായും മന്ത്രി വിശദീകരിച്ചു.

49,503 സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ കഴിഞ്ഞ വർഷം 972 കേസുകളാണ് ഫയൽ ചെയ്‌തത്‌. 896 പ്രോസിക്യൂഷൻ കേസുകളും ഫയൽ ചെയ്‌തു. 7689 റെക്‌ടിഫിക്കേഷൻ നോട്ടീസുകളും 1080 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നൽകി. ഭക്ഷ്യ സംരംഭകർക്ക് ഭക്ഷ്യ സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ അടിസ്‌ഥാന വിവരങ്ങൾ നൽകുന്നതിന് സംസ്‌ഥാന വ്യാപകമായി 1124 ട്രെയിനിംഗ് സംഘടിപ്പിക്കുകയും അതുവഴി 42600 വ്യക്‌തികൾക്ക് പരിശീലനം നൽകുകയും ചെയ്‌തതായും മന്ത്രി പറഞ്ഞു.

നിലവിൽ, ഭക്ഷ്യ സുരക്ഷയിൽ മികച്ച പ്രവർത്തനം നടത്തിയതിന് ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്‌ഥാനത്താണ്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്‌ഥാനമാണ് കേരളം. അതുപോലെ, രാജ്യത്ത് ആദ്യമായി എല്ലാ ഭക്ഷ്യ സുരക്ഷാ ലാബുകൾക്കും എൻഎബിഎൽ അക്രഡിറ്റേഷൻ ലഭ്യമാക്കി. നല്ല ഭക്ഷണം നാടിന്റെ അവകാശം ക്യാമ്പയിനും വിവിധ സ്പെഷ്യൽ ഡ്രൈവുകളും ആരോഗ്യവകുപ്പ്‌ നടപ്പിലാക്കിയിരുന്നു.

ക്‌ളീൻ സ്ട്രീറ്റ്‌ ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഈറ്റ് റൈറ്റ് സ്‌റ്റേഷൻ, ക്‌ളീൻ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ പദ്ധതി എന്നിവയും നടപ്പിലാക്കി വരുന്നു. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ (ഇന്റലിജൻസ്) നേതൃത്വത്തിൽ ചെക്ക് പോസ്‌റ്റുകൾ, ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങൾ, ചിക്കൻ സ്‌റ്റാളുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകളും തുടർ നടപടികളും സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡ പ്രകാരം മോഡേണൈസേഷൻ ഓഫ് സ്ട്രീറ്റ്‌ ഫുഡ് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നതായും തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോ ബയോളജി ലാബ് സജ്‌ജമാക്കിയതായും പത്തനംതിട്ടയിൽ പുതിയ ലാബിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പത്രക്കുറിപ്പിൽ വിശദീകരിച്ചു.

NATIONAL | തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE