തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്‌തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡക്ക് മുകളിലായി ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ മധ്യ പടിഞ്ഞാറൻ- വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുമുണ്ട്.
ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്‌ക്കും 30 വരെ അതിശക്‌തമായ മഴയ്‌ക്കുമാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് തുടരും.
കനത്ത മഴയിൽ വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണു. കോഴിക്കോട് കല്ലായി-ഫറോക്ക് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലും തിരുവല്ല-ചങ്ങനാശേരി പാതയിലും തൃശൂർ- ഗുരുവായൂർ പാതയിലും തിരുവനന്തപുരം-ഇടവ പാതയിലുമാണ് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇതോടെ ഈ റൂട്ടുകളിലോടുന്ന ട്രെയിൻ സർവീസുകൾ വൈകി.
അതേസമയം, കനത്ത മഴയെ തുടർന്ന് കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കുള്ള റെഡ് അലർട് തുടരുന്നതിനാലാണ് അവധി. അതിനിടെ, കോഴിക്കോട് ബാലുശ്ശേരി കക്കയത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇന്ന് രാത്രി 7.15ഓടെ 28ആം മൈലിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ തലയാട് കക്കയം റോഡിൽ വാഹനഗതാഗതം പൂർണമായി നിലച്ചു.
Most Read| നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്‌ഥാനാർഥി; അൻവറിന്റെ എതിർപ്പ് തള്ളി കെപിസിസി






































