ന്യൂഡെൽഹി: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ആത്‍മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കിരൺ കുമാർ കേരള ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ തീരുമാനമാവാത്ത സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധി വരുന്നതുവരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാനോ പാടില്ലെന്ന കർശന ഉപാധികളോടെയാണ് ജാമ്യം. കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂണിലാണ് വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌ത്രീധനമായി നൽകിയ കാറിൽ തൃപ്‌തനല്ലാത്തതിനാലും വാഗ്‌ദാനം ചെയ്‌ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.
വിസ്‌മയ മരിച്ച് 11 മാസവും രണ്ട് ദിവസവും പൂർത്തിയായപ്പോൾ നാലുമാസം നീണ്ട വിചാരണയ്‌ക്ക് ശേഷം കിരൺ കുമാർ കുറ്റക്കാരനെന്ന് കാട്ടി കൊല്ലം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 10 വർഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.
507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. സ്‌ത്രീധനപീഡനം (ഐപിസി 304ബി), ആത്‍മഹത്യാ പ്രേരണാക്കുറ്റം (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ കിരണിനെതിരെ തെളിഞ്ഞിരുന്നു. ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ആയിരുന്ന കിരണിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. വിസ്‌മയയുടെ വാട്‍സ്ആപ്പ് സന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമാണ് കേസിൽ കിരണിനെതിരെ നിർണായക തെളിവുകളായത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!