കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയൽ സമരത്തിൽ സംഘർഷമുണ്ടായി. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് കസ്‌റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി.
വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന് എത്തിയിരുന്നു. സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നിൽ സമരക്കാർ റീത്ത് വെച്ചു. കുറ്റ്യാടി റൂട്ടിലേക്ക് ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തിയാൽ തടയുമെന്നാണ് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചത്.
മരുതോങ്കര മൊയിലാത്തറ താഴത്ത് വളപ്പിൽ അബ്‍ദുൾ ജലീലിന്റെ മകൻ അബ്‌ദുൾ ജവാദ് ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും ബസിന്റെ ടയർ കയറിയിറങ്ങി മരണം സംഭവിക്കുകയും ആയിരുന്നു.
ഇന്നലെ വൈകീട്ട് 3.45ഓടെയായിരുന്നു അപകടം. ഇതോടെ പേരാമ്പ്രയിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. നാട്ടുകാർ ബസ് തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്‌തിരുന്നു. ഇന്നലെ തന്നെ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. വഴിതടഞ്ഞ് പ്രതിഷേധിച്ച സമയത്ത് പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്ത് നീക്കാൻ സ്വകാര്യ ബസാണ് പോലീസ് ഉപയോഗിച്ചത്.
എന്നാൽ, കസ്‌റ്റഡിയിൽ എടുത്തവരെ ബലംപ്രയോഗിച്ച് മറ്റുള്ളവർ മോചിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജ്യണൽ സെന്ററിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ജവാദ്. ബസിന്റെ അമിതവേഗതയും മൽസര ഓട്ടവുമാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
Most Read| ലോകത്തിലേറ്റവും വലുത്; ബ്രഹ്‌മപുത്രയ്‌ക്ക് കുറുകെ അണക്കെട്ട്, പ്രവൃത്തികൾ തുടങ്ങി ചൈന