ലണ്ടൻ: ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കുടിയേറ്റക്കാർ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ആശങ്കകൾ ഉയർത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി സംഘർഷഭരിതമായി. റാലിയിൽ ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തു.
‘യുണൈറ്റ് ദ് കിങ്‌ഡം’ എന്ന പേരിൽ സംഘടിപ്പിച്ച റാലിയിൽ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോൽസാഹിപ്പിക്കുന്ന സർക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഇതിനിടെ, പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
”ബ്രിട്ടന്റെ വികസനത്തിൽ പങ്കാളികളായ പൗരൻമാരേക്കാൾ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കാണ് കോടതികൾ പ്രാധാന്യം നൽകുന്നത്. ഇപ്പോൾ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. തുടക്കത്തിൽ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും. എന്നാൽ, വൻതോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടൻ നാശത്തിലേക്ക് പോവും”- റോബിൻസൺ ജനക്കൂട്ടത്തോട് പറഞ്ഞു.
ബ്രിട്ടനിലെ ‘ഇംഗ്ളീഷ് ഡിഫൻസ് ലീഗ്’ എന്ന തീവ്ര വലതുപക്ഷ, മുസ്‌ലിം വിരുദ്ധ സംഘടനയുടെ സ്‌ഥാപകനാണ് ടോമി റോബിൻസൺ. ഇദ്ദേഹത്തിന് പുറമെ, ടെലിവിഷൻ അവതാരകൻ കാറ്റി ഹോപ്‌കിൻസ്, ലോറൻസ് ഫോക്‌സ്, ആൻഡ് മിഡിൽട്ടൻ തുടങ്ങിയവരും റാലിക്ക് നേതൃത്വം നൽകി അണിനിരന്നു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വലതുപക്ഷ നേതാക്കളും റാലിയെ അനുകൂലിച്ച് രംഗത്തെത്തി.
Most Read| ‘മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു, സർക്കാർ ഒപ്പമുണ്ട്’







































