പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്ന് പട്‌നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ ‘തേജസ്വി പ്രതിജ്‌ഞാ പ്രാൺ’ ആർജെഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്.
സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ സംസ്‌ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുന്ന നിയമം പാസാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. ‘മയി-ബെഹൻ മാൻ യോജന’ പ്രകാരം, ഡിസംബർ 1 മുതൽ അടുത്ത അഞ്ചുവർഷത്തേക്ക് സ്‌ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം ലഭ്യമാക്കുമെന്നും പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു.
വഖഫ് ബിൽ നിർത്തിവയ്‌ക്കുമെന്നും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കുമെന്നും പത്രികയിൽ പറയുന്നുണ്ട്. ആർജെഡി നേതാവും മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് പവൻ ഖേര, വികാസ്‌ശീൽ ഇൻസാൻ പാർട്ടി തലവൻ മുകേഷ് സഹായി, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, ഡെൽഹിയിൽ തുടരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രകാശന ചടങ്ങിൽ പങ്കെടുത്തില്ല. രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ ആറിന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
Most Read| എട്ടാം ക്ളാസുകാരന്റെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ







































