ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ

സാവോ പോളോയിലെ Butantan Institute വികസിപ്പിച്ച Butantan-DV വാക്‌സിനാണ് അംഗീകാരം നൽകിയത്. 12 മുതൽ 59 വയസുവരെ ഉള്ളവർക്ക് വാക്‌സിൻ ഉപയോഗിക്കാം.

By Senior Reporter, Malabar News
Regular Vaccination
Representational Image
Ajwa Travels

ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ. വർധിച്ചുവരുന്ന താപനില കാരണം രോഗം ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിനിടെയാണ് ആശ്വാസവാർത്ത. 2024ലെ കണക്ക് അനുസരിച്ച് ആഗോളതലത്തിൽ 1.46 കോടിയിലധികം ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോർട് ചെയ്‌തിരുന്നു.

സാവോ പോളോയിലെ Butantan Institute വികസിപ്പിച്ച Butantan-DV വാക്‌സിനാണ് അംഗീകാരം നൽകിയത്. 12 മുതൽ 59 വയസുവരെ ഉള്ളവർക്ക് വാക്‌സിൻ ഉപയോഗിക്കാം. എട്ടുവർഷത്തെ ക്ളിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്‌സിൻ വികസിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 6000-ത്തിലധികം സന്നദ്ധ പ്രവർത്തകർ പങ്കെടുത്ത പരീക്ഷണങ്ങളിൽ പുതിയ വാക്‌സിൻ 91.6% ഫലപ്രാപ്‌തി തെളിയിച്ചു.

ബ്രസീലിലെ ശാസ്‌ത്ര ആരോഗ്യ രംഗത്തെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണിത്. നിലവിൽ ലോകമെമ്പാടും ലഭ്യമായ ഏക ഡെങ്കി വാക്‌സിൻ TAK-003 ആണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതിന് മൂന്നുമാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ എടുക്കേണ്ടതുണ്ട്.

കാലാവസ്‌ഥാ വ്യതിയാനം, നഗരവൽകരണം, യാത്രകളിലെ വർധന എന്നിവ രോഗം കൂടാൻ ഇടയാക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ജനുസിലെ ഈജിപ്‌തി, അൽബോപിക്‌ട്‍സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ലക്ഷണങ്ങൾ

  • പെട്ടെന്നുള്ള കഠിനമായ പനി
  • അസഹ്യമായ തലവേദന
  • നേത്രഗോളങ്ങളുടെ പിന്നിലെ വേദന
  • സന്ധികളിലും മാംസപേശികളിലും വേദന
  • വിശപ്പില്ലായ്‌മ, രുചിയില്ലായ്‌മ
  • മനംപുരട്ടലും ഛർദിയും

‘എല്ലു നുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ‘ബ്രേക്ക് ബോൺ ഫീവർ’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്‌തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു ‘സാഡിൽ ബാഗ് സിൻഡ്രോം’ എന്നും പേരുണ്ട്.

Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE