തലശ്ശേരി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം നൽകി കോടതി. കതിരൂർ പൊന്ന്യം ദാറുൽ ജമിത്തിലെ കെ. മിദ്‌ലാജിനെ (29) ആണ് തലശ്ശേരി പോലീസ് കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തത്.
ഇയാളെ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സ്വന്തം ജാമ്യം അനുവദിച്ചത്. ഫെബ്രുവരി രണ്ടിന് മുമ്പായി ആൾ ജാമ്യം നേടണമെന്നും കോടതി ഉത്തരവിട്ടു. വാദി ഭാഗത്തിന് വേണ്ടി പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. പോലീസ് തന്നെ മർദ്ദിച്ചുവെന്ന് പ്രതി കോടതിയിൽ പറഞ്ഞതായാണ് വിവരം.
പോക്‌സോ കേസ് പ്രതിക്ക് കോടതിയിൽ ഹാജരാക്കിയ അന്ന് തന്നെ ജാമ്യം നൽകുന്നത് ജില്ലയിൽ ആദ്യമാണെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന ബിപി. ശശീന്ദ്രൻ പറഞ്ഞു. സാധാരണ മജിസ്‌ട്രേറ്റിന്റെ മുമ്പിലാണ് പോക്‌സോ കേസ് പ്രതികളെ ഹാജരാക്കാറുള്ളത്. പ്രോസിക്യൂഷനെ കേട്ടശേഷമാണ് ജാമ്യം നൽകുക. നേരിട്ട് ജില്ലാ കോടതിയിൽ ഹാജരാക്കിയത് എന്താണെന്ന് വ്യക്‌തമല്ല.
പോക്‌സോ ജാമ്യമില്ലാ വകുപ്പാണെങ്കിലും ജില്ലാ കോടതിക്ക് ജാമ്യം നൽകുന്നതിന് അധികാരമുണ്ട്. ജാമ്യം നൽകുന്നതിന് അധികാരമുണ്ട്. ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശരിയിലെ ഒരു കല്യാണ വീട്ടിലെത്തിയ 12 വയസുള്ള പെൺകുട്ടികളെ മിദ്‌ലാജ് മിഠായി നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടികൾ പിന്നീട് രക്ഷിതാക്കളെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഓട്ടോറിക്ഷയിൽ എത്തിയ ആളാണ് പീഡിപ്പിച്ചതെന്ന സൂചനയെ തുടർന്ന് ഓട്ടോകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Most Read| മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാർ? എൻസിപി നേതൃയോഗം ചേർന്നു





































