പത്തനംതിട്ട : മണ്ഡലകാല സീസണില്‍ ശബരിമലയില്‍ പതിനായിരം തീര്‍ത്ഥാടകരെ എങ്കിലും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി തല സമിതി. പ്രതിദിനം ആയിരം തീര്‍ത്ഥാടകരെ മാത്രമേ പ്രവേശനത്തിന് അനുവദിക്കുകയുള്ളൂ എന്നും സമിതി വ്യക്‌തമാക്കി. എന്നാല്‍ സീസണ്‍ ആരംഭിച്ച ശേഷം സ്‌ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും ഉന്നതതല സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.
സാധാരണ ദിവസങ്ങളില്‍ ആയിരം പേരെയും, വാരാന്ത്യ ദിവസങ്ങളില്‍ രണ്ടായിരം പേരെയും, വിശേഷ ദിവസങ്ങളില്‍ അയ്യായിരം പേരെയും ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കും എന്നാണ് ഉന്നതതല സമിതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മണ്ഡലകാല ഒരുക്കങ്ങള്‍ക്കായി 60 കോടി രൂപയോളം ചിലവാക്കിയെന്നും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതിന് കാരണമാകുമെന്നും ദേവസ്വം ബോര്‍ഡ് ഉന്നതതല സമിതിയില്‍ വ്യക്‌തമാക്കി.
നിലവിലെ സാഹചര്യത്തില്‍ പ്രതിദിനം ആയിരം പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കാന്‍ സാധിക്കൂ എന്നും സീസണ്‍ ആരംഭിച്ചു കഴിഞ്ഞ ശേഷം സ്‌ഥിഗതികള്‍ വിലയിരുത്തി കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാമെന്നും ആണ് സമിതി അറിയിച്ചത്. അതിനാല്‍ തന്നെ ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ സമിതി പൂര്‍ണമായും തള്ളി കളഞ്ഞിട്ടില്ല. തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ സ്വീകരിച്ച നിയന്ത്രണങ്ങള്‍ മണ്ഡല കാലത്തും അതേപോലെ തുടരാന്‍ ഉന്നതതല സമിതി നിര്‍ദേശം നല്‍കി. കൂടാതെ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒപ്പം തന്നെ പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ആന്റിജന്‍ പരിശോധനകള്‍ നടത്തും. ഉന്നതതല യോഗത്തില്‍ ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ആരോഗ്യ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്നിവര്‍ പങ്കെടുത്തു.
Read also : വ്യക്‌തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്‌റ്റഡിയിൽ; അറസ്‌റ്റ് പിന്നീട്