പത്തനംതിട്ട: ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായി സംസ്‌ഥാന സർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 10 ഇടത്താവളങ്ങളിൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും നാളെ മുതൽ മുൻകൂർ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്‌തർക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കോടതിയിൽ വ്യക്‌തമാക്കി.
ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട് എന്നിവ സ്‌പോട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സർക്കാർ വ്യക്‌തമാക്കി. സർക്കാർ രേഖയോടൊപ്പം രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിന് മുൻപെടുത്ത ആർടിപിസിആർ പരിശോധനാ ഫലമോ നിർബന്ധം ആക്കിയിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചു.
ശബരിമലയിൽ ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഭക്‌തരാണ് ഇന്ന് രാവിലെ മുതൽ ദർശനത്തിന് എത്തിയത്. ആകെ 14,500 പേരാണ് വെർച്വൽ ക്യൂവിൽ ഇന്ന് ബുക്ക് ചെയ്‌തിരിക്കുന്നത്. മഴ കടുത്തതോടെ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. കാലാവസ്‌ഥ അനുകൂലമാവുകയും കോവിഡ് കേസുകൾ ഉയരാതിരിക്കുകയും ചെയ്‌താൽ പ്രതിദിനം അൻപതിനായിരം ആളുകളെ പ്രവേശിപ്പിക്കാനാണ് നിലവിലെ ധാരണ.
ശബരിമലയിൽ എത്തുന്ന ഭക്‌തരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം നിലപാടിനൊപ്പമാണ് സർക്കാരും. നിലവിൽ ബുക്ക് ചെയ്‌ത എത്ര പേർ ദർശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബർ ഒന്ന് മുതൽ തീർഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. ഭക്‌തരുടെ എണ്ണം കൂട്ടിയാൽ നീലിമല പാത കൂടി തുറന്ന് നൽകിയേക്കും.
നിലയ്‌ക്കലിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചു. കൂടുതൽ ശുചിമുറികൾ ഏർപ്പെടുത്തും. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. നിലയ്‌ക്കലിൽ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി. രണ്ട് ദിവസത്തിനകം കടകൾ തുറക്കുന്നതിന് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Most Read: ലഖിംപൂര്‍ ഖേരി; അന്വേഷണ മേൽനോട്ട ചുമതല ജഡ്‌ജി രാകേഷ് ജെയ്‌നിന്