വ്യക്‌തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്‌റ്റഡിയിൽ; അറസ്‌റ്റ് പിന്നീട്

By News Desk, Malabar News
Shivashankar In ED Custody
M.Shivashankar
Ajwa Travels

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്തു. ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. ശിവശങ്കർ ചികിൽസയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ ഇ.ഡി കസ്‌റ്റഡിയിൽ എടുത്തത്.

കസ്‌റ്റംസിന്റെയും ഇ.ഡിയുടേയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജസ്‌റ്റിസ്‌ അശോക് മേനോന്റെ ബെഞ്ചാണ് ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യഹരജികൾ പരിഗണിച്ചത്. കേസിൽ ശിവശങ്കറിനെതിരെ വ്യക്‌തമായ തെളിവുകളും മൊഴികളുമുണ്ടെന്ന് ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. സ്വപ്‌നാ സുരേഷിന്റെയും പി.വേണുഗോപാലിന്റെയും മൊഴികൾ കേസിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ചുള്ള സൂചനകൾ നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊണ്ടാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സഹായിക്കും

കൂടാതെ, നിലവിലെ തെളിവുകളുടെ അടിസ്‌ഥാനത്തിൽ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യണമെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. ഇ.ഡിയുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്ന് ശിവശങ്കറിനോട് കോടതി ഉത്തരവിടുകയും ചെയ്‌തു. ശിവശങ്കറിനെതിരെ നിരവധി തെളിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷ അപക്വമാണെന്നും കോടതി പറഞ്ഞു. എങ്കിലും, ശിവശങ്കർ നിലവിൽ പ്രതിയല്ല എന്ന് തന്നെയാണ് കോടതി നിരീക്ഷണം. കസ്‌റ്റംസും ഇ.ഡിയും ഹാജരാക്കിയ തെളിവുകളുടെ പശ്‌ചാത്തലത്തിൽ തുടരന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

സ്വാധീന ശേഷിയുള്ളതിനാൽ മുൻ‌കൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചതോടെ ഇ.ഡിക്കും കസ്‌റ്റംസിനും ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുക്കാനുള്ള തടസങ്ങൾ നീങ്ങി. വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയുർവേദ ചികിൽസയിലായിരുന്നു ശിവശങ്കർ. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ പറയുന്നു.

Related News: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ ഇപ്പോൾ തന്നെ ഇ.ഡിയുടെ പക്കലുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ 19ആം വകുപ്പ് പ്രകാരം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച ശേഷം മാത്രമേ അറസ്‌റ്റ് ഉണ്ടാവുകയുള്ളൂ എന്ന് ഇ.ഡി ഉദ്യോഗസ്‌ഥർ അറിയിച്ചു. അതിനാൽ തന്നെ അറസ്‌റ്റ് ഭയപ്പെടേണ്ട സാഹചര്യം ശിവശങ്കറിന്‌ മുന്നിലില്ല.

എൻഫോഴ്‌സ്‌മെന്റ് കേസിലാണ് ശിവശങ്കർ ആദ്യം ജാമ്യാപേക്ഷ സമർപ്പിച്ചത്. കസ്‌റ്റംസ്‌ സംഘം ഏറ്റവും ഒടുവിൽ ഒക്‌ടോബർ 16 ന് ചോദ്യം ചെയ്യാനായി വൈകുന്നേരം ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകി കസ്‌റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ,ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കസ്‌റ്റംസ്‌ സംഘം തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഐസിയുവിലേക്ക് മാറ്റി. ഇതിനിടെയാണ് കസ്‌റ്റംസ്‌ കേസിലും ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഒക്‌ടോബർ 28 വരെ അറസ്‌റ്റ് പാടില്ല എന്ന കോടതി ഉത്തരവ് വന്നത്. തുടർന്ന്, ആയുർവേദ ആശുപത്രിയിലേക്ക് മാറിയ ശിവശങ്കറിനെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇ.ഡി കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

Also Read: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 28ന്; ഉത്തരവ് വരും വരെ അറസ്‌റ്റ് പാടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE